Sunday, January 9, 2011

ഒരു ചങ്ങാതിയുടെ വിയോഗം...

പ്രിയ ചങ്ങാതീ, ഈ ഓർമ്മക്കുറിപ്പ്‌ ഞാൻ നിനക്കായി സമർപ്പിക്കുന്നു.
കുഞ്ഞന്റെ ജീവിതത്തിലെ ഒരു ചെറിയ ഓർമ്മപ്പൊട്ടാണ്‌ നീ. കുറച്ച്‌ കാലം കഴിഞ്ഞാൽ ഒരുപക്ഷെ കുഞ്ഞൻ നിന്നെ ഓർക്കുന്നുപോലുമുണ്ടാവില്ല. എന്നാലും, ഇന്ന്‌, ഞങ്ങളെല്ലാം നിന്റെ വിയോഗത്തിൽ ദു:ഖിക്കുന്നു.

കുറച്ചുദിവസമായി നിനക്ക്‌ സുഖമില്ലെന്ന് ഞങ്ങൾക്ക്‌ തോന്നിത്തുടങ്ങിയിരുന്നു. അവസാനം 2011 ജനുവരി നാലാം തിയതി നിനക്ക്‌ തീരെ സുഖമില്ലെന്നും ഒന്നും കഴിയ്ക്കുന്നില്ലെന്നും കുഞ്ഞന്റെ അമ്മ വിഷമത്തോടെ എന്നെ അറിയിച്ചപ്പോഴും ഞാൻ പകച്ചില്ല. എന്തുകൊണ്ടോ അനിവാര്യമായ ഒരു വാർത്ത എന്നെ അന്വേഷിക്കുന്നുണ്ടെന്ന് എനിക്ക്‌ അറിയാമായിരുന്നു.
അവസാനം ജനുവരി അഞ്ചാം തിയതി, ബുധനാഴ്ച രാവിലെ ഞാൻ എഴുന്നേറ്റത്‌ നിന്റെ മരണവാർത്ത കേട്ടുകൊണ്ടായിരുന്നു. കുഞ്ഞന്റെ അമ്മ ഒരു ചെറുതേങ്ങലോടെയാണ്‌ അതെന്നെ അറിയിച്ചത്‌. പിന്നീട്‌ അടുത്തവീട്ടിലെ സതീശേട്ടൻ (അതെ, നിന്റെ പേടിസ്വപ്നമായിരുന്ന പപ്പു എന്ന പട്ടിക്കുട്ടിയെ വളർത്തിയിരുന്ന അതേ സതീശേട്ടൻ തന്നെ) നിന്റെ നിർജ്ജീവശരീരം കളയാനോ കുഴിച്ചിടാനോ ആയി ദൂരേയ്ക്ക്‌ കൊണ്ടുപോയപ്പോൾ എന്റെ മനസും വിങ്ങി.


ഇക്കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഞങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാനകഥാപാത്രമായിരുന്നു നീ. കുഞ്ഞന്റെ ഏറ്റവുമടുത്ത കൂട്ടുകാരൻ, കുഞ്ഞന്റെ അമ്മയ്ക്ക്‌ ഇടയ്ക്കിടെ ഞെട്ടാൻ ഒരു കാരണം, കുഞ്ഞന്റെ പിയയ്ക്ക്‌ ഇടയ്ക്കിടെ വീടിനുപുറത്താക്കാൻ ഒരു ജീവി, കുഞ്ഞന്റെ അച്ഛനാകട്ടെ വ്യത്യസ്തകാരണങ്ങളാൽ ദേഷ്യപ്പെടുവാനുള്ള ഒരു സാധുവും.


കുഞ്ഞൻ നിന്നെ സ്നേഹപൂർവ്വം കായ എന്നു വിളിച്ചു, നീയത്‌ അറിഞ്ഞിരുന്നുവോ?
കുഞ്ഞൻ നിന്റെ വാലിൽ പിടിച്ച്‌ വലിച്ചപ്പോഴൊക്കെ നിനക്ക്‌ വേദനിച്ചിരുന്നുവോ?
കുഞ്ഞൻ നിന്നെ തലോടുമ്പോൾ നിനക്ക്‌ സുഖം തോന്നിയിരുന്നുവോ?
കുഞ്ഞൻ നിന്നെ പൊക്കിയെടുത്ത്‌ വീടിന്‌ പുറത്തേയ്ക്കിടുമ്പോൾ നിനക്ക്‌ കുഞ്ഞനോട്‌ അനിഷ്ടം തോന്നിയിരുന്നുവോ?

കുഞ്ഞനെ നിനക്കിഷ്ടമായിരുന്നൊ?
എനിയ്ക്കറിയില്ല സ്നേഹിതാ....

കുഞ്ഞന്റെ അമ്മയേയൊ?കുഞ്ഞന്റെ അമ്മയ്ക്ക്‌ നീ അൽപമല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്‌. അമ്മ ഓഫീസിൽ നിന്നും വീട്ടിലെത്തുമ്പോൾ വാതിൽ തുറന്നയുടൻ അവളേക്കാൾ വേഗത്തിൽ നീ വീട്ടിനകത്തെത്തിയിരുന്നു. ഇടയ്ക്കിടെ അവളുടെ കാലുകൾക്കിടയിലൂടെ നീങ്ങി നീയവളെ ഞെട്ടിയ്ക്കുമായിരുന്നു. നീ കുഞ്ഞനെ മാന്തുമോ, കടിയ്ക്കുമോ എന്നെല്ലാം കുഞ്ഞന്റെ അമ്മ ഒരുപാട്‌ ഭയന്നിരുന്നു, ചിലപ്പോഴെല്ലാം അത്‌ സംഭവിച്ചിട്ടുമുണ്ടല്ലൊ. ചുരുക്കത്തിൽ നിന്നെ കാണുന്നത്‌ കുഞ്ഞന്റെ അമ്മയ്ക്ക്‌ എന്നും പേടിയായിരുന്നു.

പിയയ്കോ? പിയ നിന്നെ ഇഷ്ടപ്പെട്ടിരുന്നിരിയ്ക്കാം, പക്ഷെ ചില്ലറ കഷ്ടപ്പാടല്ല പിയയ്ക്ക്‌ നീ നൽകിയത്‌. എന്നും പാല്‌ തരാൻ പിയ ശ്രദ്ധിച്ചിരുന്നെങ്കിലും അത്‌ കുടിയ്ക്കാതെ നീ വീണ്ടും വീണ്ടും അടുക്കളയിലേയ്ക്ക്‌ വന്ന് പിയയെ വിളിച്ച്‌ ശല്യപ്പെടുത്തിയില്ലേ? എന്നും നിന്നെ ബിസ്കറ്റ്‌ കഷ്ണങ്ങൾ കാണിച്ച്‌ അനുനയിപ്പിച്ച്‌ പുറത്താക്കി വാതിലടയ്ക്കാൻ പിയ നിർബന്ധിതയായിരുന്നില്ലേ?

എനിയ്ക്ക്‌, കുഞ്ഞന്റെ അച്ഛന്‌, നീയെന്തായിരുന്നു?
കുഞ്ഞന്റെ കൂട്ടുകാരൻ, പക്ഷെ ഞാൻ നിന്നോട്‌ ദേഷ്യപ്പെട്ടിട്ടേയുള്ളു. കുഞ്ഞന്റെ ഉപദ്രവം കൂടുമ്പോൾ നിന്നെ കുഞ്ഞനിൽ നിന്നും അകറ്റാനാണ്‌ ഞാൻ കൂടുതൽ ശ്രമിച്ചത്‌, കുഞ്ഞനുള്ള ശിക്ഷ ചെറിയൊരു ശാസനയിൽ ഞാനൊതുക്കി. രാത്രി കിടക്കുംമുൻപ്‌ നിന്നെ പുറത്താക്കേണ്ടത്‌ എന്റെ ജോലിയായിരുന്നു. ഇടയ്ക്കിടെ കുഞ്ഞന്റെ, കുഞ്ഞന്റെ അമ്മയുടെ, പിയയുടെ എല്ലാം പരാതി കേൾക്കുമ്പോൾ നീ കുറ്റക്കാരനല്ലെന്നറിഞ്ഞിട്ടും ഞാൻ നിന്നെ വീടിനുപുറത്താക്കി ശിക്ഷിച്ചു. നിന്നെ ഇഷ്ടപ്പെട്ടിട്ടും ഞാനത്‌ ഒരിക്കലും കാണിച്ചില്ല.

എന്നിട്ടും നിന്റെ വിയോഗവാർത്തയറിഞ്ഞപ്പോൾ ഞങ്ങൾ എങ്ങിനെ പ്രതികരിച്ചു?

കുഞ്ഞന്റെ അമ്മ കരഞ്ഞു, പിയ "പാവം, അത്‌ ചത്തു" എന്നു പറഞ്ഞു നിർത്തി, ഞാൻ എന്നത്തേയും പോലെ വിഷമം കാണിച്ചില്ല.
കുഞ്ഞൻ രാവിലെ എഴുന്നേറ്റ്‌ നിന്നെ അന്വേഷിച്ചു, നിന്റെ മരണവാർത്ത കേട്ടപ്പോൾ നിന്റെ ശരീരം കാണണമെന്ന് പറഞ്ഞു, പക്ഷെ കൂടുതൽ വാശി പിടിച്ചില്ല.


നിന്റെ കഥ അവിടെ തീരുന്നു.
എനിക്കിനിയും അറിയാത്ത, ഒരിക്കലും അറിയാനിടയില്ലാത്ത ചില സംശയങ്ങൾ ചോദിച്ചോട്ടെ....

പപ്പു എന്ന പട്ടിക്കുട്ടിയെ നിനക്ക്‌ പേടിയായിരുന്നോ, അതോ വെറും ഇഷ്ടമില്ലായ്മയോ?
മനുഷ്യരെ നിനക്ക്‌ എന്നെങ്കിലും ഇഷ്ടമായിരുന്നോ, അതോ പേടിയായിരുന്നോ, അതോ വെറുപ്പായിരുന്നൊ?
ഞാൻ രാത്രി നിന്നെ പുറത്താക്കി വാതിലടയ്ക്കുമ്പോൾ നിനക്ക്‌ എന്താണ്‌ തോന്നിയിരുന്നത്‌?
നിനക്ക്‌ രാത്രി തണുപ്പ്‌ സഹിയ്ക്കാൻ കഴിയുമായിരുന്നോ?
നിന്നോട്‌ ശണ്ഠ കൂടിയിരുന്ന ആ വലിയ പൂച്ചയെ (അത്‌ നിന്റെ തള്ളപ്പൂച്ചയാണെന്നാണ്‌ കുഞ്ഞൻ പറഞ്ഞിരുന്നത്‌) നീ വല്ലാതെ ഭയന്നിരുന്നോ?
നിനക്ക്‌ എന്നെങ്കിലും വിശന്നിരുന്നോ?
ഈ ലോകം നിന്നോട്‌ നീതി കാണിച്ചോ?


ഈ മാനവന്റെ ഒരിറ്റ്‌ കണ്ണീർ, അതല്ലാതെ ഇനിയൊന്നും എനിക്ക്‌ തരാനില്ല, നിനക്കായി. നിന്റെ ചില സുന്ദരമായ ഓർമ്മകൾക്ക്‌ നന്ദിപൂർവ്വം ഈ കുറിപ്പ്‌ ഞാൻ സമർപ്പിക്കട്ടെ.




പൂച്ചക്കുട്ടിയ്ക്കായി എഴുതിവെച്ച നിർദ്ദേശം...

പഴയ പോസ്റ്റ്‌