Thursday, June 17, 2010

ഒരുകൂട്ടം ചോദ്യങ്ങൾ


സ്കൂള്‌ തുറന്നു, കുഞ്ഞൻ യൂകെജിക്കാരനായീ. Father, Mother ന്നൊക്കെ എഴ്തിത്തൊട്ങ്ങീ.



*****************************
പിയ ഏട്ക്കെട്ക്ക്‌ ഓരോരോ ചോദ്യങ്ങള്‌ ചോയ്ക്ക്യും. അപ്പൊ കുഞ്ഞന്‌ കൊറേ സംശ്യണ്ടാവും.
 
What is your name?


അതെന്താ പിയയ്ക്കറീല്ല്യേ എന്റെ പേരെന്താന്ന്?

അല്ല കുഞ്ഞാ, പിയയ്ക്കറിയാം, ടീച്ചർക്കറീല്ല്യലൊ. പുത്യേ ടീച്ചറല്ലേ....

ഹും, ന്നാ ശരി. ടീച്ചർക്കറീല്ല്യാച്ചാൽ പർഞ്ഞല്ലേ പറ്റൂ.

My name is Haridathan.

ദാ അപ്പൊ പിയ പിന്നേം

What is your Father's name?

പാവം, ടീച്ചർക്ക്‌ അദും അറീല്ല്യലൊ, പുത്യേ ടീച്ചറല്ലേ....

My father's name is Prasanth

What is your Mother's name?

ഹൗ, ഈ ടീച്ചർക്ക്‌ എന്തൊക്ക്യാ അറിയണ്ടേ.... ദും കൂടി അറീല്ല്യാച്ചാലോ....

My mother's name is Jyothi

അപ്പ ദാ പിയേടെ അട്ത്ത ചോദ്യം...

What is your Teacher's name?

അദെന്താ പിയേ... ടീച്ചർക്കറീല്ല്യേ ടീച്ചർടെ പേരെന്താന്ന്?

അയ്യേ.... ങ്ങനേംണ്ടോ ടീച്ചറ്‌?
 
 
 
******************************************
അമ്മേ.... ഒര്‌ കദ പർഞ്ഞ്‌ തരൂ....


ഓ.. ആവാലോ, എന്ത്‌ കഥ്യാ കുഞ്ഞന്‌ വേണ്ടേ?

പുത്യേ കദ.

ന്നാ അമ്മ സാന്റിയാഗോ-ന്റെ കഥ പർഞ്ഞ്‌ തരാം.

ഓടണ കുട്ടീടെ കദ്യാണോ?

ഓടണ കുട്ടീടെ കഥ്യൊന്ന്വല്ല. കൊറേ യാത്ര ചെയ്യണ കുട്ടീടെ കഥ്യാ. ഈജിപ്റ്റിലൊക്കെ പോയ ഒരു കുട്ടീടെ കഥ, കൊറേ സ്വപ്നം കാണണ കുട്ടീടെ കഥ.

ആ കുട്ടി ഓട്വോ?

അതെന്താ കുഞ്ഞൻ അങ്ങ്നെ ചോയ്‌ച്ചേ?

ഗോ ന്ന് പർഞ്ഞാ ഓട്വാ ന്നല്ലേ?

അതാരാ കുഞ്ഞന്‌ അങ്ങ്നെ പർഞ്ഞ്‌ തന്നേ, ഗോ ന്ന് പർഞ്ഞാ ഓട്വാ ന്ന്?

ആദർശേട്ടനൊക്കെ ഓടിക്കൾക്കുമ്പൊ വൺ, ടൂ, ത്രീ, ഗോ ന്ന് പർഞ്ഞ്ട്ടല്ലേ ഓടണത്‌. ഗോ ന്ന് പർഞ്ഞാലേ ഓടാൻ പാടുള്ളൂ.

എന്തായാലും, ഗോ ചെയ്യുന്ന (അഥവാ ഓടുന്ന) സാന്റിയാ-യുടെ കഥ തൽക്കാലം അവിടെ അവസാനിച്ചു, ചിരിയ്ക്കായി ഒരു ഇടവേള.